എഴുതുവാനുള്ളത് ഒരു ചെറിയ പാരഗ്രാഫ് ആവട്ടെ, ഒരു വലിയ ലേഖനമാവട്ടെ! എന്താണ് എഴുതാൻ പോകുന്നതെന്ന് കൃത്യമായി മനസിലാക്കി അതിനനുസരിച്ച് പ്ലാൻ ചെയ്ത് എഴുതുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. 

എന്തിനെക്കുറിച്ചാണ് എഴുതാനുള്ളതെന്ന് അറിഞ്ഞാലുടനെ എഴുതിത്തുടങ്ങാനും തടസങ്ങളില്ലാതെ പൂർത്തിയാക്കാനും കഴിയുന്നവരുണ്ട്. അങ്ങനെയുള്ള ചിലരെ ചിലപ്പോൾ നിങ്ങൾക്ക് പരിചയമുണ്ടാവാം. അല്ലെങ്കിൽ എവിടെ നിന്നെങ്കിലും അങ്ങനെയുള്ള കഥകൾ കേട്ടിട്ടുണ്ടാവാം. അവരെപ്പോലെ നിമിഷനേരം കൊണ്ട് എഴുതാൻ നിങ്ങൾക്കും ആഗ്രഹം കാണും.

അവർക്ക് എന്തോ സൂപ്പർ പവർ ഉണ്ടെന്ന് തോന്നൽ ഉണ്ടോ?നിങ്ങൾക്ക് തോന്നിയില്ലെങ്കിലും അത് സത്യമാണ്. അവർക്ക് സൂപ്പർ പവർ ഉണ്ട്. ഒറ്റനോട്ടത്തിൽ അമാനുഷികമെന്ന് തോന്നുന്ന കാര്യങ്ങളിൽ ചിലതൊക്കെ അൽപ്പംകൂടി ആഴത്തിൽ മനസിലാക്കിയാൽ നിരന്തരപരിശ്രമം കൊണ്ട് സ്വന്തമാക്കാമെന്ന് മനസിലാകും. എഴുതുന്ന വിഷയത്തിലുള്ള അറിവും എഴുതാനുള്ള കഴിവും എഴുതിയെഴുതി ഉണ്ടായ അനുഭവസമ്പത്തുമൊക്കെയാണ് ഈ സൂപ്പർ പവരിൻ്റെ പിന്നിലെ രഹസ്യം!

ആ സൂപ്പർ പവറിലേക്ക് വലിയൊരു യാത്ര തന്നെയുണ്ട്. അത് തുടങ്ങുന്നത് എന്താണ് എഴുതാൻ പോകുന്നതെന്ന് കൃത്യമായി മനസിലാക്കാൻ ശ്രമിക്കുന്നിടത്താണ്.

ചോദ്യങ്ങൾ ചോദിക്കാം

എന്താണ് എഴുതാൻ പോകുന്നതെന്ന് മനസിലാക്കണം എന്ന് പറയുമ്പോൾ അതിൽ പല ഘടകങ്ങൾ ഉണ്ട്. ഇത് എളുപ്പത്തിൽ പഠിക്കണമെങ്കിൽ  നിങ്ങൾ മറ്റൊരാൾക്ക് വേണ്ടി എഴുതുകയാണെന്ന് സങ്കല്പിച്ചാൽ മതി. ഒരാൾ നിങ്ങളോട് എഴുതാൻ ആവശ്യപ്പെടുന്നു. എഴുതാൻ സമ്മതിക്കുന്നതിനോടൊപ്പം അയാളോട് നിങ്ങൾ താഴെപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള സാധ്യതയുണ്ട്.

  1. എന്താണ് എഴുതാനുള്ള വിഷയം?
  2. എവിടെയാണ് ഈ എഴുതുന്നത് പ്രസിദ്ധീകരിക്കുക?
  3. ആരാണ് ഇത് വായിക്കാൻ പോകുന്നത്?
  4. അവർക്ക് ഈ വിഷയം പരിചിതമാണോ?
  5. ഏത് ഭാഷയിലാണ് എഴുതേണ്ടത്?
  6. ഏത് രീതിയിലാണ് എഴുതേണ്ടത്?
  7. വായിക്കുന്നവർക്ക് എന്ത് വികാരമാണ് ഉണ്ടാവേണ്ടത്?
  8. വായിക്കുന്നവർക്ക് എന്ത് അറിവാണ് ലഭിക്കേണ്ടത്?
  9. എത്ര വാക്കുകൾ, എത്ര വാചകങ്ങൾ ഉണ്ടാവണം?
  10. തലക്കെട്ടുകൾ വേണോ? വേണമെങ്കിൽ എത്ര തലക്കെട്ടുകൾ ഉണ്ടാവണം? ഓരോ തലക്കെട്ടിന് കീഴിലും എത്ര പാരഗ്രാഫുകൾ ഉണ്ടാവണം?
  11. ഒന്നിലധികം പാരഗ്രാഫുകൾ ഉള്ളപ്പോൾ ഓരോ പാരഗ്രാഫിലും എത്ര വാക്കുകൾ/വാചകങ്ങൾ ഉണ്ടാവണം?

എന്താണീ ചോദ്യങ്ങളുടെ പ്രസക്തി?

ചില സന്ദർഭങ്ങളിൽ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം ഉണ്ടാവണമെന്നില്ല. ചിലപ്പോൾ ചില ചോദ്യങ്ങൾക്ക് നിങ്ങൾത്തന്നെ ഉത്തരം കണ്ടെത്തേണ്ട സാഹചര്യമുണ്ടാവാം. ചിലപ്പോൾ കൂടുതൽ വിശദമായ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.

ഒരാൾ നിങ്ങളോട് എഴുതുവാൻ ആവശ്യപ്പെടുമ്പോൾത്തന്നെ ഇതിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം അയാൾത്തന്നെ പറയാൻ സാധ്യതയുണ്ട്. ബാക്കി മാത്രം ചോദിച്ചാൽ മതി. ഇനിയും എഴുതാൻ തടസമായി നിൽക്കുന്ന ചില സംശയങ്ങളെക്കുറിച്ച് നിമിഷ നേരത്തിലാവും നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതും മറുപടി ലഭിക്കുന്നതും. 

അതായത് ബോധപൂർവം ഇതിനെക്കുറിച്ച് ആലോചിച്ചില്ലെങ്കിലും ഒരുപക്ഷേ നിങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാവാം സാധാരണ രീതിയിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നല്ല കാര്യം.

എന്നാലും ഇതൊരു അനാവശ്യമായ പരിപാടിയായി കരുതേണ്ട. നമ്മൾക്ക് വളരെ പരിചിതമായ എന്നും ചെയ്യുന്ന നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിൽ പോലും മറവി നമ്മളെ വലിയ അബദ്ധങ്ങളിൽ ചാടിച്ചിട്ടില്ലേ? അപ്പോൾ എഴുത്തിന്റെ കാര്യത്തിലും അങ്ങനെയൊരു സാധ്യത പ്രതീക്ഷിക്കുക. അതൊഴിവാക്കാൻ ഒരു ചെക്ക് ലിസ്റ്റ് ആയി ഈ ചോദ്യങ്ങളെ കാണുക. 

ഏതെങ്കിലും ഒരു പ്രധാന ചോദ്യം ചോദിയ്ക്കാൻ നിങ്ങൾ വിട്ടുപോയാൽ, പറയാൻ അയാൾ വിട്ടുപോയാൽ, അത് നിങ്ങൾ എഴുതി പൂർത്തിയാക്കുന്നതിൽ ഉണ്ടാക്കുന്ന ആഘാതം ഒരുപക്ഷേ വളരെ വലുതായിരിക്കാം. അതുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി മനസിലാക്കി കൃത്യമായ ബോധ്യത്തോടെ വേണം എഴുത്തിനെ സമീപിക്കാൻ.