തേനീച്ചകളുടെ ലോകം അത്ഭുതകരമാണ് . 400-ഓളം വിളകൾക്ക് പരാഗണം നടക്കണമെങ്കിൽ തേനീച്ചകൾ വേണം. തേനീച്ചകൾ കൂട്ടായ ജീവിതം നയിക്കന്നവരാണ്. പിന്നെ ഞങ്ങളുടെ അന്നദാതാക്കളാണ് തേനീച്ചകൾ. എങ്ങനെയെന്നല്ലേ?

നമ്മുടെ ഗവേഷണമേഖലകളായ ബയോ-ഇൻസ്പയേഡ് അൽഗോരിതം, സ്വാം ഇന്റലിജൻസ്, സോഷ്യൽ നെറ്റ്വർക്കിങ്ങ് എന്നിവയിൽ പ്രധാനപ്പെട്ട ഒരു ആശയമാണ് ആർട്ടിഫിഷ്യൽ ബീ കോളനി അൽഗോരിതം (Artificial Bee Colony Algorithm). ഭക്ഷണം തിരഞ്ഞു നടക്കുന്ന തേനീച്ച സമൂഹത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളെ ഉപയോഗിച്ചു സമുചിതമായ പരിഹാരം (Optimal Solution) കണ്ടെത്താൻ ABC അൽഗോരിതം സഹായിക്കുന്നു.

തേനീച്ചകളിൽ നിന്ന് ഗവേഷണരംഗത്ത് എന്നപോലെ നമ്മുടെ അനുദിന ജീവിതത്തിലും ഒട്ടേറെ കാര്യങ്ങൾ പഠിക്കുവാനുണ്ട്. അതിൽ പ്രധാനപ്പെട്ട 6 കാര്യങ്ങൾ നമുക്കൊന്ന് നോക്കിയാലോ?

കൂട്ടായ്മയുടെ ശക്തിയിൽ വിശ്വസിക്കുക

തേനീച്ചകൾ സ്വാഭാവികമായിത്തന്നെ കൂട്ടായി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു തേനീച്ചക്കൂട്ടിലെ ഓരോ അംഗത്തിനും അവരുടേതായ പരിഗണന നൽകാൻ ശ്രദ്ധിക്കുമ്പോഴും കൂടിൻ്റെ സുസ്ഥിരമായ നിലനിൽപ്പ് തന്നെയാണ് അവരുടെ പ്രധാന പരിഗണന. ഒരു തേനീച്ചയ്ക്ക് എന്തെങ്കിലും കാരണത്താൽ ജോലി ചെയ്യാൻ പറ്റാതെവന്നാൽ വേറൊരാൾ ആ ജോലി ഏറ്റെടുത്ത് ചെയ്യും. Decentralized and Collective Decision Making-ന് ഇതിലും അനുയോജ്യമായ മറ്റൊരു മാതൃകയില്ല.

കാര്യക്ഷമത ലക്‌ഷ്യം വയ്ക്കുക

നമ്മൾ മൾട്ടിടാസ്കിങ്ങിനെ ഭയങ്കര കാര്യമായി പറയുമെങ്കിലും തേനീച്ചകൾ നേരെ എതിരാണ്. ഏറ്റവും പ്രാധാന്യമർഹിക്കുന്ന ജോലികൾ ചെയ്ത് തീർക്കുക എന്നതാണ് അവയുടെ രീതി. ഓരോരുത്തർക്കുമുള്ള ജോലികൾ അവർ ഭംഗിയായി ചെയ്യും. എന്നും ഒരേ ജോലികൾ ആകണമെന്നില്ല. അതോടൊപ്പം തന്നെ കൂടുതൽ സ്ഥലം ആവശ്യമായി വരുമ്പോൾ മാത്രമേ അവ കൂട് വലുതാക്കാൻ ആലോചിക്കൂ. എന്തെങ്കിലുമൊക്കെ അപകടമോ ഭക്ഷണ ദൗർലഭ്യമോ വന്നാൽ അതിനുള്ള മുൻകരുതലും എടുക്കുമെന്ന് മാത്രം. എന്തായാലും അനാവശ്യമായ കാര്യങ്ങളിൽ എനർജി കളയാൻ തേനീച്ചകളെ കിട്ടില്ലെന്ന് സാരം.

സ്ഥിരോത്സാഹവും വിശ്രമവും ശീലിക്കുക

പകൽ വെളിച്ചത്തിലാണ് തേനീച്ചകൾ തേൻ തേടിയിറങ്ങുന്നത്. അതുകൊണ്ടുതന്നെ എത്രത്തോളം സമയം ഉപയോഗപ്പെടുത്താമോ അത്രത്തോളം ഉപയോഗിക്കാൻ അവർ ശ്രമിക്കും. ഏറ്റവും നന്നായി അദ്ധ്വാനിക്കും. എന്നാൽ തേനീച്ചകൾ വിശ്രമമില്ലാതെ പണിയെടുക്കുകയാണെന്ന് ചിലർക്കെങ്കിലും ഒരു അബദ്ധ ധാരണയുണ്ട്. ദിവസത്തിൽ മൂന്നിൽ രണ്ട് ഭാഗവും സാധാരണഗതിയിൽ ഒരു തേനീച്ച വിശ്രമിക്കുകയായിരിക്കും. എന്നാൽ ബാക്കി സമയം വിശ്രമമില്ലാതെ പണിയെടുക്കുകയും ചെയ്യും.

ശരിയായി ആശയവിനിമയം നടത്തുക

തേനീച്ചകൾ കൂട്ടമായി ജോലി ചെയ്യുന്നതുകൊണ്ടുതന്നെ നിരന്തരമുള്ള ആശയവിനിമയം അവർക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ഒരു ഭക്ഷണ സ്രോതസ് കണ്ടെത്തുമ്പോൾ, എന്തെങ്കിലും അപായസൂചന കിട്ടുമ്പോൾ , എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ എല്ലാംതന്നെ അവർ കൂട്ടുകാരുമായി ആയ വിവരം പങ്കുവച്ചുകൊണ്ടേയിരിക്കും. ഒരു തേനീച്ചക്കൂട്ടിൽ അറുപതിനായിരം തേനീച്ചകൾ വരെ ഉണ്ടാകാം എന്നാണ് പറയുന്നത്. ഇത്ര വലിയ ഒരു സമൂഹത്തിൽ ശരിയായ ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്.

പഠിച്ചുകൊണ്ടേയിരിക്കുക

തേനീച്ചകൾ എന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. വലിപ്പം കൊണ്ടുള്ള കുറവിനെ പല ചെറിയ ജീവികളും മറയ്ക്കുന്നത് സ്ഥിരോത്സാഹവും സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും കൊണ്ടാണ്. ഏതൊക്കെ ചെടികളിൽ നിന്ന് കൂടുതൽ പൂമ്പൊടി ശേഖരിക്കാമെന്നും കാലാവസ്ഥ മാറുമ്പോൾ ചെടികളിൽ എന്തൊക്കെ മാറ്റം വരുമെന്നുമൊക്കെ ഇക്കൂട്ടർ നിരന്തരം മനസിലാക്കുകയും അതിനനുസരിച്ച് തങ്ങളുടെ ജോലി ക്രമീകരിക്കുകയും ചെയ്യും.

നമുക്ക് തേനീച്ചകളിൽ നിന്ന് പഠിക്കാം. അപ്പോൾ നിങ്ങൾക്ക് തോന്നും ഇതേ പോലെ മറ്റേതൊരു ജീവിയെ എടുത്താലും എന്തെങ്കിലുമൊക്കെ താരതമ്യം ചെയ്യാവുന്ന കാര്യങ്ങൾ കിട്ടില്ലേ എന്ന്. തീർച്ചയായും. അത് തന്നെ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാനാണ് ഇഷ്ടം. ഞങ്ങൾ തേനീച്ചകളിൽ നിന്നും പഠിക്കുന്നു. കണ്ണ് തുറന്ന് ചുറ്റും നോക്കുക. പഠിക്കുവാൻ ഒരുപാട് കാര്യങ്ങൾ നമ്മുടെ കണ്മുന്നിൽ കാണാതെ കിടപ്പുണ്ട്.

കാണുക. അറിയുക. പഠിക്കുക.
പഠിപ്പിക്കുക. തിരിച്ചറിയുക.
പഠിച്ചുകൊണ്ടേയിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *