
കോവിഡ് കാലത്ത് ലോകത്തെമ്പാടുമുള്ള ജോലി മേഖലകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ വളരെ വലുതാണ്. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വ്യത്യാസങ്ങൾ മുൻകൂട്ടി നിശ്ചയിക്കപെട്ടവയുമല്ല, അതുകൊണ്ടു തന്നെ മാറി വരുന്ന സാഹചര്യങ്ങളെ യുക്തമായ രീതിയിൽ ഉപയോഗിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സാമ്പ്രദായികമായ രീതിയിൽ ജോലി അന്വേഷിക്കുക എന്നത് അത്ര പ്രായോഗികമല്ല. അതുകൊണ്ട് തന്നെ മാറിയ കാലത്തിനനുസൃതമായി ജോലിക്ക് വേണ്ടി അപേക്ഷ തയാറാക്കാൻ നമ്മൾ വളരെയേറെ ശ്രദ്ധിക്കണം. അങ്ങനെ റെസ്യുമെ തായ്യാറാക്കുന്ന കാര്യത്തിൽ മിക്ക ഉദ്യോഗാർത്ഥികളും പരാജയപ്പെടുകയാണ് സാധാരണ സംഭവിക്കുന്നത്. പലപ്പോഴും പഴയ രീതിയിൽ ഉള്ള റെസ്യുമെ മാതൃക പിന്തുടരുന്ന ഉദ്യോഗാർത്ഥികളെ ഇന്നും കാണാൻ കഴിയും. അതിനാൽ തന്നെ റെസ്യൂമേയുടെ മാതൃകയെ പറ്റി മാറി ചിന്തിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു. നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു കാണിച്ചാൽ മാത്രമേ നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു. അതിനു വേണ്ടിയുള്ള കുറച്ചു കാര്യങ്ങളെ പറ്റി ഇവിടെ സൂചിപ്പിക്കാം.
ഉദ്യോഗാർത്ഥികൾ തയ്യാറാക്കുന്ന റെസ്യുമെ അവരുടെ വ്യക്തി ജീവിതത്തിന്റെയും വിദ്യാഭ്യസ യോഗ്യതയുടെയും ജോലിപരിചയത്തിന്റെ യും ഒരു മികച്ച പ്രതിഫലനമാകണം. ജീവിതത്തോടും ജോലിയോടും ഉള്ള ഉദ്യോഗാർത്ഥികളുടെ വീക്ഷണവും ലക്ഷ്യവും തൊഴിൽ അപേക്ഷയിൽ നിന്നും സ്ഥാപനത്തിന് മനസിലാക്കാൻ കഴിയും. എന്നാൽ ഒരു റെസ്യുമെ തയ്യാറാക്കുമ്പോൾ മുൻപ് ആരെങ്കിലും തയ്യാറാക്കിയ റെസ്യുമെ പകർത്തി എഴുതിയതോ, അക്ഷരത്തെറ്റുകളോ, വ്യാകരണ പിശകുകളോ, മറ്റു തെറ്റുകളോ, അപേക്ഷയുടെ ഘടനയിൽ വരുന്ന തെറ്റുകളോ വെളിവാക്കുന്നത് ഉദ്യോഗാർത്ഥിയുടെ അശ്രദ്ധയും അറിവില്ലായ്മയും നിരുത്തരവാദിത്ത്വവും ആണ്. ജോലി ചെയ്യാനും പ്രയത്നിക്കാനുമുള്ള ഉത്സാഹവും പരിശ്രമിക്കാൻ കഴിവുള്ളതും പരിചയ സമ്പന്നരുമായ ഉദ്യോഗാർത്ഥികളെ ആണ് സ്ഥാപനങ്ങൾക്കാവശ്യം. ഇതെല്ലം ഉൾക്കൊള്ളുന്നതായിരിക്കണം ഒരു ഉദ്യോഗാർത്ഥിയുടെ റെസ്യുമെ. കാരണം നിങ്ങളോടൊപ്പമോ നിങ്ങളെക്കാൾ കഴിവുള്ളതോ ആയ ഉദ്യോഗാർത്ഥികളുമായിട്ടാണ് നിങ്ങൾ മത്സരിക്കാൻ പോകുന്നത്.
ജോലി നമ്മളെ തേടി എത്തുന്ന രീതി
ഇന്ന് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ ജോലി തേടുന്നതും ജോലി ചെയ്യുന്നതും ഓൺലൈനായിട്ടാണ്. അങ്ങനെ ജോലി തേടുന്നതിനു വേണ്ടിയുള്ള ഒരു സോഷ്യൽ നെറ്റ് വർക്കിംഗ് സംവിധാനമാണ് ലിങ്ക്ഡ്ഇൻ. പ്രവൃത്തി പരിചയം, ബയോഡേറ്റ എന്നിവ പങ്കുവയ്ക്കുക, തൊഴിൽ അന്വേഷിക്കുക എന്നി കാര്യങ്ങൾ വഴി നിങ്ങളുടെ അവസരങ്ങൾ കൂട്ടാൻ വേണ്ടിയുള്ള പ്രൊഫഷണൽ നെറ്റ്വർക്കിങ്ങ് സൈറ്റ് ആണ് ലിങ്ക്ഡ്ഇൻ. ലോകത്തുള്ള മിക്ക കമ്പനികൾക്കും ഇന്ന് ലിങ്ക്ഡ്ഇൻ സാന്നിധ്യമുണ്ട്. അങ്ങനെയുള്ള കമ്പനികളുടെ ജോബ് അപ്ഡേറ്റ്കൾ നിരീക്ഷിച്ച് അപേക്ഷകൾ സർപ്പിക്കാവുന്നതാണ്. അതിനായി ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഉണ്ടാക്കി ആ ഐഡി റെസ്യൂമെയിൽ ചേർക്കുക.
നിങ്ങളുടെ കഴിഞ്ഞ കാലത്തെ പറ്റി റെസ്യൂമെയിൽ വിവരിക്കേണ്ട രീതി.
നിങ്ങളുടെ റെസ്യുമെയിൽ നിങ്ങളുടെ കഴിഞ്ഞകാലതൊഴിലിനെപ്പറ്റി വിവരിക്കുമ്പോൾ അത് നിങ്ങളുടെ കരിയറിന് ഗുണമുള്ള രീതിയിൽ ഉള്ളതാണോ എന്ന് ചിന്തിക്കണം. കമ്പനിയുടെ വളർച്ചയ്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഉദ്യോഗാർത്ഥികളെ ആണ് കമ്പനി തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മുൻ തൊഴിൽ പരിചയവും കമ്പനിയുടെ പ്രതീക്ഷകളുമായി ഒത്തു പോകുന്നവയായിരിക്കണം, എങ്കിൽ മാത്രമേ നിങ്ങൾ ഇന്റർവ്യൂയിൽ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉള്ളു. നിങ്ങളുടെ റെസ്യുമെ തുടങ്ങുന്നത് നിങ്ങളുടെ യോഗ്യതകൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടായിരിക്കണം, അല്ലാതെ കുറെ ഒബ്ജെക്ടിവിസ് അനാവശ്യമായി എഴുതിപിടിപ്പിച്ചിട്ടാവരുത്. നിങ്ങളുടെ കഴിവുകളും മുൻപരിചയവും ആയിരിക്കണം റെസ്യൂമെയിൽ എടുത്തുകാട്ടേണ്ടത്. നിങ്ങളുടെ റെസ്യുമെ തുടങ്ങുന്നത് professional summery [തൊഴിൽ സംഗ്രഹം] യോടു കൂടിയാകണം, തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സവിശേഷതകൾക്കും, കാര്യങ്ങൾക്കും ഊന്നൽ കൊടുക്കുക. നിങ്ങളുടെ പ്രവർത്തനമേഖല പ്രത്യേകിച്ച് എടുത്ത് കാണിക്കത്തക്ക രീതിയിൽ [field specific] റെസ്യുമെ ഉണ്ടാക്കുക, എന്തുകൊണ്ടെന്നാൽ പൊതുവായ റെസ്യുമെ മാതൃകകൾ ഇന്ന് ആരും ഉപയോഗിക്കുന്നില്ല.
പ്രസക്തമായ ഭാഗങ്ങളിൽ ഫോക്കസ് ചെയ്യുക.
ഉപയുക്തമല്ലാത്ത യോഗ്യതകളോ പ്രവൃത്തിപരിചയമോ റെസ്യൂമെയിൽ എടുത്തുകാട്ടേണ്ട ആവശ്യം ഇല്ല. അതായത് ഒരു പതിനഞ്ച് വർഷം മുൻപുള്ള നിങ്ങളുടെ മുൻപരിചയമോ യോഗ്യതയോ ഇപ്പോൾ ഉപയോഗപ്പെടുന്നില്ലെങ്കിൽ അതിന് പ്രസക്തി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ നിങ്ങൾ പ്രമുഖ കമ്പനിയിൽ നല്ലൊരു സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ തിരഞ്ഞെടുക്കപെടാനുള്ള സാദ്ധ്യതകൾ വളരെയധികം കൂട്ടുന്നു. ഏതു ജോലിക്കാനോ അപേക്ഷിക്കുന്നത് ആ ജോലിയ്‌ക്കോ ആ ജോലിയുമായി ബന്ധപ്പെട്ട സ്ഥാനത്തേക്കോ മാത്രം അപേക്ഷിക്കുക. ആ ജോലിക്ക് വേണ്ടി മാത്രം ഉള്ള പ്രവൃത്തിപരിചയം കൂട്ടിച്ചേർക്കുക. കാരണം എന്തെന്നാൽ ഇന്ന് കമ്പനികൾക്കാവശ്യം ഫീൽഡ് സ്പെസിഫിക് ആയിട്ടുള്ള ഉദ്യോഗാർത്ഥികളെയാണ്.
നിങ്ങളുടെ കരിയറിനെ ബാധിക്കുന്ന കാര്യങ്ങൾ റെസ്യൂമെയിൽ ഉൾപെടുത്താതിരിക്കുക.
നിങ്ങളുടെ മുൻ തൊഴിൽ വിട്ടതിൻറെ കാരണമോ, ആ മുൻപരിചയം ആവശ്യമില്ലെങ്കിൽ അത് റെസ്യൂമെയിൽ കാണിക്കാതിരിക്കുക. മുൻതൊഴിലുകളിൽ ഏതെങ്കിലും തരത്തിൽ ഇടവേള സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടെ ഏതെങ്കിലും ഫാമിലി ലീവ് വച്ച് പൂരിപ്പിക്കുക. നിങ്ങൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ നിലവാരമുള്ളവയാണെങ്കിൽ അവ വലിയൊരു പ്ലസ് പോയിൻറ് ആണ്. അതുപോലെ നിങ്ങൾ പഠിച്ച കോഴ്സ്, ചെയ്ത പ്രോജെക്ടുകൾ എന്നിവ ജോലിക്ക് ഉപയുക്തമായവയാണെങ്കിൽ അതെല്ലാം റെസ്യൂമെയിൽ ഉൾപ്പെടുത്തണം.
റെസ്യൂമെയിൽ എന്തൊക്കെ ചേർക്കണം, എന്തൊക്കെ ചേർക്കരുത് എന്നിവയെ പറ്റി പുനർവിചിന്തനം ചെയ്യുക.
മുൻപ് പറഞ്ഞതുപോലെ ഒരു ലിങ്ക്ടിന് പ്രൊഫൈൽ ഉണ്ടാക്കി ആ യു ആർ എൽ റെസ്യൂമെയിൽ ഉൾപെടുത്തുക. നിങ്ങളുടെ റെസ്യുമെ കൂടുതൽ പ്രൊഫഷണൽ ആയി തോന്നത്തക്ക രീതിയിൽ അവതരിപ്പിക്കുക. പ്രൊഫഷണൽ യോഗ്യതകൾ നിങ്ങളുടെ പേരിന് ശേഷം ചേർക്കാതിരിക്കുക. കാരണം ഈ കാര്യങ്ങൾ റെസ്യുമെയുടെ അക്കാഡമിക് ഭാഗത്ത് മുൻപേ വിവരിച്ചിട്ടുള്ളതുമാണ്, മാത്രമല്ല യോഗ്യതകൾ പേരിനൊപ്പം ചേർക്കുന്നത് കാലഹരണപ്പെട്ട ഒരു രീതി കൂടിയാണ്. നിങ്ങളുടെ റെസ്യുമെ വായിക്കുന്ന ആൾ നിങ്ങളുടെ നേട്ടങ്ങൾ ശ്രദ്ധിക്കത്തക്കവണ്ണമായിരിക്കണം റെസ്യൂമെയിൽ അവ അവതരിപ്പിച്ചിരിക്കേണ്ടത്, അല്ലാതെ വായിക്കുന്ന ആളിന്റെ ശ്രദ്ധ തിരിക്കുന്ന തരത്തിലായിരിക്കരുത്. അതുപോലെ തന്നെ നിങ്ങൾ തിരഞ്ഞെടുക്കപ്പെടണം എന്ന രീതിയിൽ ആയിരിക്കണം റെസ്യുമെയിൽ നിങ്ങളെ പറ്റിയുള്ള വിവരണം. അതുകൊണ്ട് നിങ്ങളുടെ റെസ്യൂമെയിൽ എന്തൊക്കെ മാറ്റം വരുത്തണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കേണ്ടതാണ്.
റെസ്യൂമെയിലെ പുതിയ രീതികൾ
ഇന്ന് ഹൃസ്വമായ രീതിയിൽ ഉള്ള റെസ്യുമെകൾക്ക് ആണ് ഒട്ടുമിക്ക കമ്പനികളും പ്രാമുഖ്യം നൽകുന്നത്, അതുകൊണ്ടു തന്നെ റെസ്യുമെ രണ്ട് പേജിൽ കൂടുതൽ വരാതെയും ഖണ്ഡിക രൂപത്തിലും ഉണ്ടാക്കാതിരിക്കുക. നിങ്ങളുടെ നേട്ടങ്ങൾ ബുള്ളറ്റ് പോയിൻറ് അല്ലെങ്കിൽ നമ്പർ നൽകി അവതരിപ്പിക്കാം. നിങ്ങൾ അപേക്ഷിച്ചിട്ടുള്ള ജോലിയുമായി ബന്ധപ്പെട്ട വാക്കുകളും ശൈലികളും റെസ്യൂമെയിൽ ഉൾപെടുത്തുക. കൃത്യമായ വിവരങ്ങളും ആശയങ്ങളും റെസ്യുമെയിലൂടെ അറിയിക്കാൻ ശ്രമിക്കുക. വായിക്കുന്ന ആൾക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിൽ കൂടുതൽ സങ്കീർണമാക്കാതെയുള്ള ഘടനയോടും എളുപ്പത്തിൽ വായിക്കാൻ പറ്റുന്ന അക്ഷരങ്ങളോട് കൂടിയതും ആയിരിക്കണം റെസ്യുമെ. Applicant tracking system [ATS] സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉദ്യോഗാർത്ഥിയുടെ റെസ്യുമെ കമ്പ്യൂട്ടർ സ്വയം പരിശോധിക്കുന്ന സംവിധാനം ഉള്ളതിനാൽ ജോലിയോട് ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഇല്ലെങ്കിൽ കമ്പ്യൂട്ടർ അത്തരത്തിലുള്ള റെസ്യൂമേകളെ തിരസ്കരിക്കും.
ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വത്തെ നല്ല രീതിയിൽ പ്രദർശിപ്പിക്കുക.
മുൻ കമ്പനികളിൽ നിങ്ങൾക്ക് ഉണ്ടായ നേട്ടങ്ങൾ, ചെയ്ത ജോലിയിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ, ജോലിയിലെ നിങ്ങളുടെ അപാരമായ കഴിവുകൾ എന്നിവ എടുത്തുകാട്ടത്തക്ക രീതിയിൽ റെസ്യൂമെയിൽ അവതരിപ്പിക്കണം. നിങ്ങളുടെ അപേക്ഷ സ്വികരിക്കുന്ന കമ്പനിക്ക് നിങ്ങൾ ഒരു മുതൽകൂട്ടാകും എന്ന തോന്നൽ ഉളവാക്കുന്ന രീതിയിൽ ആയിരിക്കണം അവതരണം. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്ത് ഒരു ഉദ്യോഗാർത്ഥി എന്ന നിലയിൽ നിങ്ങളുടെ റെസ്യുമെ ഒരു ജോലിക്ക് വേണ്ടി എങ്ങനെ അവതരിപ്പിക്കണം എന്നുള്ളത്.